അതിരമ്പുഴ: ആരാധന സന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമ അംഗവുമായ മദർ മേരി ഫ്രൻസിസ്ക ദ് ഷന്താളിന്റെ 54 -ാം ചരമവാർഷികം മദറിന്റെ കബറിടം സ്ഥിതിചെയ്യുന്ന അതിരമ്പുഴ ആരാധനാമഠം ചാപ്പലിലും സെന്റ് മേരീസ് ഫൊറോന പള്ളിയിലുമായി 25ന് ആചരിക്കും.
രാവിലെ 10ന് മഠം ചാപ്പലിൽ ഒപ്പീസ് നടക്കും. 10.30ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കല്യാൺ രൂപത മുൻ ബിഷപ് മാർ തോമസ് ഇലവനാലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
ചങ്ങനാശേരി അതിരൂപത സിഞ്ചെല്ലൂസും മദർ ഷന്താളിന്റെ നാമകരണ നടപടികളുടെ എപ്പിസ്കോപ്പൽ ഡെലഗേറ്റുമായ മോൺ. സ്കറിയ കന്യാകോണിൽ, വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ ഫാ.ഡോ. ജോസഫ് കൊല്ലാറ, ഹിസ്റ്റോറിക്കൽ കമ്മീഷൻ പ്രസിഡന്റ് ഫാ.ഡോ. തോമസ് കുഴുപ്പിൽ, പ്രൊമോട്ടർ ഓഫ് ജസ്റ്റീസ് ഫാ.ഡോ. ടോം പുത്തൻകളം, നോട്ടറി ഫാ. തോമസ് പ്ലാപ്പറമ്പിൽ, തെള്ളകം ചെറുപുഷ്പാശ്രമം പ്രിയോർ ഫാ. ജോസഫ് ചാലച്ചിറ ഒസിഡി, അതിരമ്പുഴ ലിസ്യു മൈനർ സെമിനാരി റെക്ടർ ഫാ. ജോജോ കുഴിയടിച്ചിറ എംസിബിഎസ് എന്നിവർ സഹകാർമികത്വം വഹിക്കും.
ആരാധന സന്യാസിനി സമൂഹം സുപ്പീരിയർ ജനറൽ മദർ റോസിലി ഒഴുകയിൽ എസ്എബിഎസ്, പോസ്റ്റുലേറ്റർ ഫാ.ഡോ. ജോസഫ് കൊല്ലാറ, വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, വൈസ് പോസ്റ്റുലേറ്റർമാരായ സിസ്റ്റർ തെക്ള എസ്എബിഎസ് , സിസ്റ്റർ എൽസ പൈകട എസ്എബിഎസ് തുടങ്ങിയവർ നേതൃത്വം നൽകും.